Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic Instability

പാക്കിസ്ഥാനിൽനിന്നു നാടുവിടുന്നവരുടെ എണ്ണം കുതിക്കുന്നു; 2025ൽ ഏഴര ലക്ഷം

ഇസ്‌ലമാബാദ്: പാക്കിസ്ഥാനിൽനിന്നു നാടുവിട്ട് മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 7,62,000 അധികം ആളുകൾ തൊഴിൽ തേടി വിദേശത്തേക്കു പോയതായി റിപ്പോർട്ടുകൾ പറയുന്നു.
ധനകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം, 2025ൽ മാത്രം 762,499 പേരാണ് വിദേശത്തേക്കു പോകാനായി ബ്യൂറോ ഓഫ് എമിഗ്രേഷൻ ആൻഡ് ഓവർസീസ് എംപ്ലോയ്‌മെന്‍റിൽ രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതൽ. 2025 ഡിസംബറിൽ മാത്രം 76,207 പേർ രാജ്യം വിട്ടു. മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 18.7 ശതമാനം കൂടുതൽ.

5,30,000 പേരും സൗദി അറേബ്യയിലേക്കാണ് കുടിയേറിയത്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. തൊഴിലാളികൾ മുതൽ പ്രഫഷണലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. പാകിസ്ഥാനിലെ മോശം സാമ്പത്തിക വളർച്ചയും രാഷ്‌ട്രീയ അസ്ഥിരതയുമാണ് ഈ പലായനത്തിനു പ്രധാന കാരണം. നിലവിൽ പാകിസ്ഥാനിലേക്ക് എത്തുന്ന വിദേശനാണ്യത്തിന്‍റെ ഏറ്റവും വലിയ സ്രോതസ് ഈ പ്രവാസികൾ
അയയ്ക്കുന്ന പണമാണ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിനു പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം വലിയ സഹായമാണ്.

ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 19.7 ബില്യൺ ഡോളറാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. ഇത് മുൻ വർഷത്തെക്കാൾ 11 ശതമാനം കൂടുതലാണ്. പ്രവാസികളിൽനിന്നു വർഷം തോറും ഏകദേശം 40 ബില്യൺ ഡോളർ രാജ്യത്തിന് ലഭിക്കുന്നുണ്ടെങ്കിലും അവർക്കു കാര്യമായ പിന്തുണ നൽകാൻ ഭരണകൂടത്തിനു കഴിയുന്നില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. വിദേശ നിക്ഷേപത്തിലും കയറ്റുമതിയിലും വൻ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാൻ.
വിദേശ നിക്ഷേപവും കയറ്റുമതിയും വർധിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമം ഫലം കാണുന്നില്ല. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ലഭിച്ച നേരിട്ടുള്ള വിദേശനിക്ഷേപം 808 മില്യൺ ഡോളർ മാത്രമാണ്. പ്രവാസിപ്പണം ഇതിന്‍റെ 23 മടങ്ങിലധികം വരും. മോശം സാമ്പത്തിക നയങ്ങൾ, ഉയർന്ന നികുതി, വർധിച്ച വൈദ്യുതി നിരക്ക്, ഉയർന്ന പലിശ നിരക്ക് തുടങ്ങിയവയാണ് നിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Latest News

Corehub Up